back to top
Friday, April 24, 2026
Homeഅന്താരാഷ്ട്രംഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് ട്രംപ്; വെടിനിർത്തൽ നീട്ടി അമേരിക്ക, വാദം തള്ളി ഇറാൻ

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് ട്രംപ്; വെടിനിർത്തൽ നീട്ടി അമേരിക്ക, വാദം തള്ളി ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ വൈകാതെ തന്നെ പുരോഗതിയുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളെക്കുറിച്ചുള്ള ശുഭവാർത്ത വെള്ളിയാഴ്ചയോടെ പുറത്തുവന്നേക്കാമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ ട്രംപിന്റെ ഈ അവകാശവാദം ഇറാൻ പൂർണ്ണമായും തള്ളി. വെള്ളിയാഴ്ച ഇത്തരമൊരു ചർച്ച നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കള്ളം പറയുകയാണെന്നുമാണ് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചത്.

പാകിസ്താൻ ഭരണകൂടത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചത്. ഇതിന്റെ ഭാഗമായി ട്രംപ് വെടിനിർത്തൽ കരാർ നീട്ടി നൽകുകയും ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ പാകിസ്താന്റെ മധ്യസ്ഥത ഇപ്പോൾ നിർണ്ണായകമായിരിക്കുകയാണ്. അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് ഇസ്ലാമാബാദിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഒരു വഴിത്തിരിവുണ്ടാകാൻ സാധ്യതയുണ്ടോ എന്ന മാധ്യമത്തിന്റെ ചോദ്യത്തിന്, സാധ്യതയുണ്ടെന്ന് ട്രംപ് മറുപടി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ന്യൂസ് ട്രംപിന്റെ വാക്കുകളെ രൂക്ഷമായാണ് വിമർശിച്ചത്. ട്രംപ് വീണ്ടും കള്ളം പറയുകയാണെന്നും, ചർച്ചകൾക്ക് ഇറാൻ തീരുമാനമെടുത്തിട്ടില്ലെന്നും അവർ എക്സിലൂടെ വ്യക്തമാക്കി. പാകിസ്താൻ നേതൃത്വവുമായുള്ള നിരന്തര ചർച്ചകളാണ് അമേരിക്കയുടെ നയമാറ്റത്തിന് പിന്നിൽ. പാകിസ്താൻ ഫീൽഡ് മാർഷൽ ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണം നിർത്തിവെക്കുന്നതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാൻ പ്രതിനിധികൾ ഒരു ഏകീകൃത നിർദ്ദേശവുമായി വരുന്നത് വരെ വെടിനിർത്തൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ സ്വീകരിക്കേണ്ട അടുത്ത നടപടിക്ക് അമേരിക്ക കൃത്യമായ സമയപരിധി നിശ്ചയിക്കാത്ത ആദ്യത്തെ അവസരം കൂടിയാണിത്.

അതേസമയം, ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരാൻ സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമായിരിക്കണം. ഇതിന് മുൻപ് വെടിനിർത്തൽ നീട്ടില്ലെന്നും, കാലാവധി കഴിഞ്ഞാൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ നടപടിക്ക് പാകിസ്താൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഈ സുപ്രധാന തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments