back to top
Friday, April 24, 2026
Homeകായികംലഖ്‌നൗവിനെ തകർത്തെറിഞ്ഞ് രാജസ്ഥാന്റെ രാജകീയ കുതിപ്പ്; ആർച്ചറുടെ തീപ്പൊരി പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ് സൂപ്പർ ജയന്റ്സ്

ലഖ്‌നൗവിനെ തകർത്തെറിഞ്ഞ് രാജസ്ഥാന്റെ രാജകീയ കുതിപ്പ്; ആർച്ചറുടെ തീപ്പൊരി പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ് സൂപ്പർ ജയന്റ്സ്

ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്റെ ഉജ്ജ്വല വിജയം. രാജസ്ഥാൻ ഉയർത്തിയ 160 റൺസെന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗ 119 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. രാജസ്ഥാന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ ലഖ്നൗ ബാറ്റർമാർക്ക് ഒന്നു പിടിച്ചുനിൽക്കാൻ പോലും കഴിഞ്ഞില്ല. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജൊഫ്ര ആർച്ചറുടെ തീപ്പൊരി പന്തുകളാണ് ലഖ്‌നൗവിന്റെ നടുവൊടിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് തുടക്കത്തിൽ തന്നെ വൻ തകർച്ചയാണ് നേരിട്ടത്. സ്കോർബോർഡിൽ വെറും 11 റൺസ് ചേർക്കുന്നതിനിടെ അവർക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ആയുഷ് ബദോനി, ഋഷഭ് പന്ത്, ഏയ്ഡൻ മാർക്രം എന്നിവർ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. പിന്നീട് ക്രീസിലൊന്നിച്ച മിച്ചൽ മാർഷും നിക്കൊളാസ് പുരാനുമാണ് ടീമിനെ വലിയ നാണക്കേടിൽ നിന്നും കരകയറ്റിയത്. പുരാൻ 22 റൺസെടുത്തും ഹിമ്മത്ത് സിങ് 15 റൺസുമെടുത്ത് പുറത്തായി. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മിച്ചൽ മാർഷിന്റെ പോരാട്ടം ലഖ്‌നൗവിന് നേരിയ പ്രതീക്ഷ നൽകിയിരുന്നു. അർധസെഞ്ചുറി നേടി ടീം സ്കോർ നൂറ് കടത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. 41 പന്തിൽ 55 റൺസാണ് മാർഷിന്റെ സമ്പാദ്യം. പിന്നീട് വന്ന മുകുൾ ചൗധരി (7), മുഹമ്മദ് ഷമി (6), മായങ്ക് യാദവ് (5) എന്നിവർക്കൊന്നും തിളങ്ങാനായില്ല. ഇതോടെ ലഖ്‌നൗ 119 റൺസിന് കൂടാരം കയറി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 12 പന്തിൽ 22 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് രാജസ്ഥാൻ തകർച്ച നേരിട്ടു. ധ്രുവ് ജുറെൽ (0), വൈഭവ് സൂര്യവംശി (8) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ രാജസ്ഥാൻ 32-3 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്യാപ്റ്റൻ റിയാൻ പരാഗും (20) ഷിമ്രോൺ ഹെറ്റ്മയറും (22) ചേർന്ന് സ്കോർ 60 കടത്തി. ഇരുവരും പുറത്തായതോടെ വീണ്ടും പ്രതിരോധത്തിലായ രാജസ്ഥാനെ രവീന്ദ്ര ജഡേജയും ഡൊണോവൻ ഫെരെയ്‌രയുമാണ് (20) മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജഡേജയാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 29 പന്തിൽ 43 റൺസാണ് ജഡേജയുടെ സമ്പാദ്യം. ശുഭം ദുബെ 11 പന്തിൽ 19 റൺസെടുത്തു. ലഖ്‌നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൗഹ്‌സിൻ ഖാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments