ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോളിൽ തങ്ങളുടെ ആദ്യ അങ്കത്തിനിറങ്ങാൻ തയ്യാറെടുക്കുന്ന ബ്രസീലിന് കനത്ത തിരിച്ചടി. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം നെയ്മർ ആദ്യ മത്സരത്തിൽ കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ബ്രസീൽ-മൊറോക്കോ തീപ്പാറുന്ന പോരാട്ടം.
എല്ലാകാലത്തും ഇതിഹാസതുല്യരായ താരങ്ങളുടെ ചിറകിലേറി കപ്പുയർത്തുന്ന ബ്രസീലിനെയാണ് ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ ഇത്തവണ കഥ മാറുകയാണ്. കളിക്കാരേക്കാളുപരി, കാർലോ ആഞ്ചലോട്ടിയെന്ന ഇറ്റാലിയൻ മാന്ത്രികനിലാണ് കാനറി ആരാധകർ തങ്ങളുടെ പ്രതീക്ഷ മുഴുവൻ അർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിനുശേഷം കടുത്ത തകർച്ചനേരിട്ട ബ്രസീൽ ഫുട്‌ബോളിനെ മാറ്റത്തിന്റെ പാതയിലെത്തിക്കാൻ ആഞ്ചലോട്ടിക്കായിട്ടുണ്ട്. ലോകകപ്പിൽ അനുഭവസമ്പന്നനായ ആഞ്ചലോട്ടി ചില വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്നാണ് ഫുട്‌ബോൾ ലോകം കരുതുന്നത്.
4-2-3-1 എന്ന ശൈലിയിലാകും ആഞ്ചലോട്ടി മൊറോക്കോയ്ക്കെതിരെ പടയൊരുക്കുക. നെയ്മറിന്റെ അഭാവത്തിൽ ഇഗോർ തിയാഗോയെ ഏക സ്‌ട്രൈക്കറാക്കും. ലൂക്കാസ് പീക്വേറ്റയോ മാത്യൂസ് കുൻഹയോ തൊട്ടുപിന്നിൽ കളിക്കുമ്പോൾ, വിനീഷ്യസ് ജൂനിയറും റഫീന്യയും വിങ്ങുകളിലൂടെ പറക്കും. ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമിറോയും ബ്രൂണോ ഗുയ്മറസും കോട്ട കാക്കും. മാർക്വിന്യോസ്, ഗബ്രിയേൽ മഗെൽഹാസ്, അലക്സ് സാൻഡോ, ഡാനിലോ എന്നിവരടങ്ങുന്ന പ്രതിരോധ നിരയ്ക്കു പിന്നിൽ വിശ്വസ്തനായ അലിസൺ ബെക്കർ ഗ്ലൗസ് അണിയും.
മറുവശത്ത് എതിരാളികൾ ആഫ്രിക്കൻ സിംഹങ്ങളായ മൊറോക്കോയാണെന്നത് ബ്രസീലിന് വെല്ലുവിളിയാണ്. ഒരിക്കലും എഴുതിത്തള്ളാൻ പറ്റാത്ത ടീമാണ് അവരെന്ന് കഴിഞ്ഞ ലോകകപ്പിൽ അവർ തെളിയിച്ചതാണ്. എന്നാൽ, നിർണായക താരങ്ങളുടെ പരിക്ക് മൊറോക്കോയെയും വലയ്ക്കുന്നുണ്ട്. നയാഫ് അഗ്വാർഡും അബ്ദെ എസ്സെൽസൗളിയും ലോകകപ്പിൽനിന്ന് പുറത്തായി. ക്യാപ്റ്റൻ അഷ്‌റഫ് ഹക്കീമി, റയൽ മാഡ്രിഡ് താരം ബ്രഹിം ഡയസ് എന്നിവരിലാണ് അവരുടെ പ്രതീക്ഷ. അവസാനമായി 2023-ൽ നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലിനെ വീഴ്ത്തിയത് മൊറോക്കോയ്ക്ക് ഇരട്ടി ആത്മവിശ്വാസം പകരുന്നുണ്ട്.

