back to top
Thursday, May 14, 2026
Homeകായികംഇന്ത്യ 'എ' ടീമിൽ ഇടംനേടി യുവതാരം വൈഭവ് സൂര്യവൻഷി; ശ്രീലങ്കൻ ത്രിരാഷ്ട്ര പരമ്പരയ്ക്ക് തിലക് വർമ...

ഇന്ത്യ ‘എ’ ടീമിൽ ഇടംനേടി യുവതാരം വൈഭവ് സൂര്യവൻഷി; ശ്രീലങ്കൻ ത്രിരാഷ്ട്ര പരമ്പരയ്ക്ക് തിലക് വർമ നായകൻ

മുംബൈ: ഈ വർഷം ജൂണിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ ‘എ’ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമയാണ് ടീമിനെ നയിക്കുക. രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിനെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും അണ്ടർ 19 ലോകകപ്പിലും മിന്നും പ്രകടനം കാഴ്ചവെച്ച യുവ സെൻസേഷൻ വൈഭവ് സൂര്യവൻഷി ടീമിൽ ഇടംപിടിച്ചതാണ് പ്രധാന ആകർഷണം. ശ്രീലങ്ക എ, അഫ്ഗാനിസ്താൻ എ എന്നീ ടീമുകളുമായാണ് ഇന്ത്യ എ ഏറ്റുമുട്ടുന്നത്.

വൈഭവിന്റെ മിന്നും ഫോം

2025 ലെ ഐ.പി.എല്ലിൽ റെക്കോർഡ് സെഞ്ച്വറിയോടെ ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ച വൈഭവ് സൂര്യവൻഷി, അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 175 റൺസ് സ്കോർ ചെയ്ത താരം, നിലവിലെ ഐ.പി.എൽ സീസണിലും മികച്ച ഫോമിലാണ്. 11 ഇന്നിങ്ങ്സുകളിൽ നിന്നായി 236.56 സ്ട്രൈക്ക് റേറ്റിൽ 440 റൺസാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. 40 സിക്സുകളുമായി സീസണിൽ കൂടുതൽ സിക്സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുമുണ്ട്.

ഐ.പി.എല്ലിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രൻ സിങ്, അൻഷുൽ കംബോജ്, സൂര്യാൻശ് ഷെഡ്ഗെ എന്നിവരും സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്.

മത്സരക്രമം

ജൂൺ 9-ന് ആതിഥേയരായ ശ്രീലങ്ക എ-യും ഇന്ത്യ എ-യും തമ്മിലുള്ള മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ രണ്ട് സ്ഥാനക്കാർ ജൂൺ 21-ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഇതിന് പുറമെ ശ്രീലങ്ക എ-ക്കെതിരെ ഇന്ത്യ എ രണ്ട് റെഡ് ബോൾ മത്സരങ്ങളും കളിക്കുന്നുണ്ട് (ഈ ടീമിനെ പിന്നീട് പ്രഖ്യാപിക്കും). വൈറ്റ് ബോൾ പരമ്പര ദാംബുള്ളയിലും, റെഡ് ബോൾ മത്സരങ്ങൾ ഗാലെയിലുമായിരിക്കും നടക്കുക.

ഇന്ത്യ ‘എ’ സ്ക്വാഡ്: തിലക് വർമ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബേ, സുര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), വിപ്രജ് നിഗം, യഷ് താക്കൂർ, യുധ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments