ടെഹ്റാൻ/ജെറുസലേം: ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം വീണ്ടും രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാനിലെ സൈനിക ലക്ഷ്യങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) സ്ഥിരീകരിച്ചു. ഇതിനുപുറമെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാത ഇറാൻ അടച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് നിർദ്ദേശങ്ങൾ നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

