back to top
Tuesday, May 12, 2026
Homeഅന്താരാഷ്ട്രംട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വാഷിങ്ടണിൽ വെടിവെപ്പ്, അക്രമി പിടിയിൽ

ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വാഷിങ്ടണിൽ വെടിവെപ്പ്, അക്രമി പിടിയിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ്ഹൗസ് മാധ്യമ പ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിവെപ്പ്. ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഹോട്ടൽ ബാൾറൂമിന് പുറത്ത് ഉച്ചത്തിലുള്ള വെടിയൊച്ച കേട്ടതിനെത്തുടർന്ന് സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിനെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാലിഫോർണിയ സ്വദേശിയായ കോൾ ടോമസ് അലൻ (31) ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമിയെ സുരക്ഷാസേന വെടിവെച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്തതായി എഫ്.ബി.ഐ വ്യക്തമാക്കി.

അക്രമി അഞ്ചു മുതൽ എട്ടു തവണ വരെ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് ട്രംപ് അറിയിച്ചു. അക്രമി 45 മീറ്റർ അകലെ നിന്നാണ് വെടിയുതിർത്തതെന്നും സീക്രട്ട് സർവീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്. ആരെയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല,” ട്രംപ് കൂട്ടിച്ചേർത്തു.

അക്രമി ഹിൽട്ടൺ ഹോട്ടലിൽ മുറിയെടുത്തിരുന്നുവെന്നും ആ മുറി സീൽ ചെയ്ത് പരിശോധന ആരംഭിച്ചതായും വാഷിങ്ടൺ ഡി.സി പോലീസ് മേധാവി ജെഫ്രി കരോൾ പറഞ്ഞു. അക്രമിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. കാലങ്ങളോളം ഈ ചടങ്ങിൽ നിന്നും വിട്ടുനിന്നതിനുശേഷം ഒടുവിലാണ് വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ യോഗത്തിൽ ട്രംപ് പങ്കെടുക്കാനെത്തിയത്. 1981-ൽ മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമം ഉണ്ടായതും ഇതേ ഹോട്ടലിൽ വെച്ചായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments