തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിലപാടുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) ഡോ. റീനയെ സ്ഥാനത്തുനിന്ന് നീക്കി. വകുപ്പിൽ ചിലർ ‘തുരപ്പൻ പണി’ കാണിക്കുന്നുണ്ടെന്നും, ഇത്തരം ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു.
നിപ പരിശോധനാ ഫലം ലഭിച്ചിട്ടും തന്നിൽ നിന്നും അത് മറച്ചുവെച്ചതാണ് ഡി.എച്ച്.എസിനെ മാറ്റാൻ കാരണമെന്ന് മന്ത്രി വിശദീകരിച്ചു. താൻ വാർത്താസമ്മേളനം നടത്തിയപ്പോൾ പോലും ഡി.എച്ച്.എസിന് ഫലം ലഭിച്ച വിവരം അറിയിച്ചില്ല. സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ഇനിയും മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിപ രോഗിക്ക് മരുന്നില്ലെന്നത് അടിസ്ഥാനരഹിതമായ ആക്ഷേപമാണ്. ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്. രാഷ്ട്രീയമായ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും, വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മന്ത്രി മുരളീധരൻ വ്യക്തമാക്കി.

