കുടക്: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ സന്ധ്യ അച്ചയ്യ (51) ദാരുണമായി കൊല്ലപ്പെട്ടു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യയാണ് മരിച്ച സന്ധ്യ.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നത്. മാനേജർക്കും ഡ്രൈവർക്കുമൊപ്പം സ്വന്തം ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം കാണാനെത്തിയതായിരുന്നു സന്ധ്യ. പെട്ടെന്നുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഗോണിക്കുപ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഗാലാൻഡ് കേഡർ 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കുടക് സ്വദേശിയായ സുനിൽ അച്ചയ്യ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുടക് എസ്.പി. ബിന്ദു മണി അറിയിച്ചു.

