വാഷിങ്ടൺ: ഫിഫ ലോകകപ്പ് കളിക്കാനെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് യു.എസ് ഭരണകൂടം കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മത്സര ദിവസം മാത്രമേ ടീമിനും പരിശീലകർക്കും രാജ്യത്ത് പ്രവേശനം അനുവദിക്കൂ എന്നും, മത്സരശേഷം ഉടൻ തന്നെ മടങ്ങേണ്ടിവരുമെന്നും മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബുൽഫസൽ പസന്ദിദേ വ്യക്തമാക്കി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്. ഇറാൻ ടീമിന്റെ മത്സരങ്ങൾ യു.എസിലാണെങ്കിലും മെക്സിക്കോയിലാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്.
യു.എസും ഇറാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് ഈ നിയന്ത്രണങ്ങൾക്ക് കാരണം. സാധാരണയായി ടീമുകൾ മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പേ ആതിഥേയ രാജ്യത്തെത്തി പരിശീലനം നടത്താറുണ്ട്. എന്നാൽ ഈ കടുത്ത നിബന്ധനകൾ ഇറാൻ താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം, ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ആരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. താരങ്ങൾക്കും പരിശീലകർക്കും വിസ അനുവദിച്ചെങ്കിലും ഫെഡറേഷൻ ഉദ്യോഗസ്ഥരിൽ പലരും ഇപ്പോഴും യാത്രാനുമതിക്കായി കാത്തിരിക്കുകയാണ്.

