പത്തനംതിട്ട: ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ കേരള പൊലീസ് ദില്ലിയിൽ എത്തി അതിസാഹസികമായി പിടികൂടി. പന്തളത്ത് 300 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെയുള്ളവർ പിടിയിലായ കേസിനെത്തുടർന്ന് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന അന്വേഷണത്തിലൂടെയാണ് സാമുവൽ ക്ലിഫ്സൺ എന്ന നൈജീരിയൻ പൗരൻ പിടിയിലായത്.
പന്തളത്ത് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിന്റെ കേന്ദ്രം ദില്ലിയാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പത്തനംതിട്ട എസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന് സംസ്ഥാന പൊലീസ് മേധാവിയുടെ പൂർണ്ണ പിന്തുണയും, പ്രതിയെ വിമാനമാർഗ്ഗം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

