വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ രണ്ടാം ദിനവും കനത്ത പ്രത്യാക്രമണവുമായി യു.എസ്. സൈന്യം. ആദ്യദിനം 80 ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയ യു.എസ്, കഴിഞ്ഞ ദിവസം 90 സൈനിക ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ദുർബ്ബലപ്പെടുത്താനാണ് ജൂലൈ 8-ന് കൂടുതൽ ശക്തമായ ആക്രമണം നടത്തിയതെന്ന് യു.എസ്. സൈന്യം വ്യക്തമാക്കി.
ഇറാനിയൻ തീരപ്രദേശത്തുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, നാവിക ശേഷി, സൈനിക ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലാണ് യു.എസ്. സൈന്യം നാശനഷ്ടം വരുത്തിയത്. തലേദിവസം രാത്രി നടന്ന വിജയകരമായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കമെന്നും കമാൻഡർ ഇൻ ചീഫിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സൈന്യം സജ്ജമാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
അമേരിക്കയുടെ അതിശക്തമായ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ കരാറിലെത്താൻ താല്പര്യപ്പെട്ട് ഇറാൻ തങ്ങളെ സമീപിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷവും എയർഫോഴ്‌സ് വണ്ണിലും മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഒന്നടിച്ചാൽ 20 ഇരട്ടിയായി തിരിച്ചടിക്കുമെന്ന് പറഞ്ഞ ട്രംപ്, തങ്ങൾ സൈനികമായി ഇതിനകം വിജയിച്ചുവെന്നും ഇറാന് ഇനി വളരെ കുറച്ചേ അവശേഷിക്കുന്നുള്ളൂവെന്നും അവകാശപ്പെട്ടു.
ഇറാൻ ഒരു കരാറിനായി അപേക്ഷിക്കുകയാണെന്നും എന്നാൽ അവർ അതിന് അർഹരാണോ എന്നും കരാർ പാലിക്കുമോ എന്നും തനിക്ക് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നടപടിക്ക് നാറ്റോ സഖ്യകക്ഷികൾ പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അവരുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമില്ലാത്ത ഘട്ടമാണെന്നും ട്രംപ് വ്യക്തമാക്കി. പുതിയ സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ച യു.എസ്. പ്രസിഡന്റ്, തങ്ങൾ അതിശക്തമായ തിരിച്ചടിയാണ് നൽകിയതെന്നും ഓർമ്മിപ്പിച്ചു.

