കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ വൻ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. കുവൈത്തിനും ബഹ്റൈനും പുറമെ ഖത്തറിലും ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന യു.എസ്. സൈനിക കേന്ദ്രങ്ങളായ ക്യാമ്പ് ആരിഫ്ജാൻ, അലി അൽ സലേം എയർബേസ് എന്നിവയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ഈ താവളങ്ങളിലെ സൈന്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും തകർക്കാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ അമേരിക്കയും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു കഴിഞ്ഞു. ഇറാനിലെ 90 സൈനിക കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ പ്രധാന തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ യു.എസ്. ആക്രമണത്തിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ഇതിന് പുറമെ ചാബഹാർ, ബുഷെഹർ, ഖുഷേം എന്നീ മേഖലകളിലും യു.എസ്. സൈന്യം കനത്ത ആക്രമണം നടത്തിയിട്ടുണ്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളുമാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിട്ടത്.
ഇറാനെതിരെ വരും ദിവസങ്ങളിലും അതിശക്തമായ സൈനിക നടപടികൾ തുടരുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കർശന മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര തലത്തിൽ സുപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇനി എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അമേരിക്ക വ്യക്തമാക്കി. മേഖലയിലെ തങ്ങളുടെ സൈനിക ശക്തിയും സഖ്യകക്ഷികളുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും യു.എസ്. തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ ഒട്ടും വഴങ്ങില്ലെന്ന് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. സ്വന്തം അതിർത്തി മേഖലയായ ഹോർമൂസ് കടലിടുക്കിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക തങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ അവർക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുന്നറിയിപ്പ് നൽകി.

