കോഴിക്കോട് / തൃശ്ശൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി കോഴിക്കോട് വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞവീട്ടിൽ സയ്യിദ് സഫ്വാനെ(23)യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. കേസിൽ പത്താം പ്രതിയാണ് ഇയാൾ.
കാളറം കിഴുത്താണി സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കണോമിക് ടൈംസ് പത്രത്തിലെ പരസ്യം കണ്ട് ബന്ധപ്പെട്ട പരാതിക്കാരനെ പ്രതികൾ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപ അയച്ചുനൽകിയെങ്കിലും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ല.
കേസിലെ ഏഴാംപ്രതി വയനാട് വെത്തിരി സ്വദേശി ഷനൂഥിനെ കഴിഞ്ഞ വർഷം ജൂണിൽ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് ബന്ധുവായ സഫ്വാന്റെ നിർദേശപ്രകാരമാണ് 20 ലക്ഷം രൂപ കൈമാറിയതെന്ന് വ്യക്തമായത്. സഫ്വാന്റെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് രാജ്യം വിടാൻ ശ്രമിക്കവെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് അധികൃതർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. കേസിൽ ഇതുവരെ 10 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എ. അഷറഫ്, ജി.എസ്.ഐ. പി.എസ്. സുജിത്ത്കുമാർ, ജി.എ.എസ്.ഐ. എ.കെ. മനോജ്, സി.പി.ഒ. പവിത്രൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

