തിരുവനന്തപുരം: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (തിങ്കളാഴ്ച, ഓഗസ്റ്റ് 3) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ കക്കാട്ടാർ, പമ്പയാർ തീരങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ ജാഗ്രതാ നിർദേശവും നൽകി. ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലയ്ക്കലിലും വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.
ഇടുക്കി കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം മണ്ണും മരവും വൈദ്യുതി കമ്പികളിലേക്കും മറ്റും വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് 150 സെ.മീ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

