back to top
Friday, April 24, 2026
Homeപ്രവാസംമദീനയിലെ ഇന്ത്യൻ ഹാജിമാർക്ക് കരുതലൊരുക്കി ഹജ്ജ് മിഷൻ; ആദ്യസംഘം തിങ്കളാഴ്ച മക്കയിലേക്ക് പുറപ്പെടും

മദീനയിലെ ഇന്ത്യൻ ഹാജിമാർക്ക് കരുതലൊരുക്കി ഹജ്ജ് മിഷൻ; ആദ്യസംഘം തിങ്കളാഴ്ച മക്കയിലേക്ക് പുറപ്പെടും

മദീന: പുണ്യഭൂമിയായ മദീനയിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്കായി വിപുലവും മികച്ചതുമായ സൗകര്യങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഹാജിമാരുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറികളും ആശുപത്രികളും തുറന്നിട്ടുണ്ട്. ഇവിടെ കിടത്തിച്ചികിത്സയ്ക്കും വിവിധ ലാബ് പരിശോധനകൾക്കുമുള്ള സൗകര്യങ്ങളുണ്ട്. ഇന്ത്യയിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി എത്തിയ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും സേവനവും മരുന്നുകളും തീർത്ഥാടകർക്ക് പൂർണ്ണമായും സൗജന്യമായി ലഭിക്കും. അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസുകളും സജ്ജമാണ്. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ള തീർത്ഥാടകരെ സൗദി സർക്കാരിന്റെ ആശുപത്രികളിലേക്ക് മാറ്റാനും, അവിടെ അവർക്ക് വേണ്ട സഹായങ്ങൾ നൽകാനും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ മുഴുവൻ സമയവും കർമ്മനിരതരാണ്.

മസ്ജിദുന്നബവിക്ക് തൊട്ടടുത്തുള്ള ആധുനിക ഹോട്ടലുകളിലാണ് ഇന്ത്യൻ ഹാജിമാർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത് തീർത്ഥാടകർക്ക് ഹറമിലെ പ്രാർത്ഥനകൾക്കായി എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകമാകും. പള്ളിയുടെ പ്രധാന കവാടങ്ങളിൽ ഹാജിമാർക്ക് വഴികാട്ടാനായി ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൗളാ ശരീഫ് സന്ദർശനത്തിനും താമസസ്ഥലം കണ്ടെത്തുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് തീർത്ഥാടകരെ റൗളാ സന്ദർശനത്തിനായി കൊണ്ടുപോകുന്നത്. ഒരു തീർത്ഥാടകന് ഒരു തവണ മാത്രമാണ് ഈ അവസരം ലഭിക്കുക. എന്നാൽ മദീനയിലെ മറ്റ് ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഹജ്ജ് മിഷൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടില്ല. താല്പര്യമുള്ളവർ സ്വന്തം നിലയ്ക്ക് അതിനുള്ള സൗകര്യങ്ങൾ കണ്ടെത്തണം.

എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാരുടെ ആദ്യ സംഘം തിങ്കളാഴ്ച മക്കയിലേക്ക് പുറപ്പെടും. ഇത്തവണ 61,000 ഹാജിമാർക്ക് അത്യാധുനിക ഹറമൈൻ ഹൈസ്പീഡ് ട്രെയിനിലാണ് യാത്രാസൗകര്യം ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലോടുന്ന ഈ ട്രെയിനിൽ വെറും രണ്ടര മണിക്കൂർ കൊണ്ട് മക്കയിലെത്താൻ സാധിക്കും. അതേസമയം, ജിദ്ദ വഴിയുള്ള ഇന്ത്യൻ തീർത്ഥാടകരുടെ വരവ് ഏപ്രിൽ 30ന് തുടങ്ങും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ വിമാനവും ഇതേ ദിവസം കൊച്ചിയിൽ നിന്നും സൗദിയിലെത്തും. സ്വകാര്യ ഗ്രൂപ്പുകൾ മുഖേനയുള്ള തീർത്ഥാടകർ ഈ മാസം 18 മുതൽ തന്നെ മക്കയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments