കോഴിക്കോട്/റിയാദ്: ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമനസ്സോടെ കാത്തിരുന്ന ആ സന്തോഷവാർത്തയെത്തുന്നു. 20 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജയിൽവാസം അവസാനിക്കുന്നു. കോടതി വിധിച്ച തടവുശിക്ഷ മേയ് 19-ന് അവസാനിക്കുമെന്നും റഹീം വൈകാതെ ജയിൽമോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബവും നിയമസഹായ സമിതിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോചനം പെരുന്നാൾ അവധിക്ക് മുൻപോ ശേഷമോ?
സൗദിയുടെ കാരുണ്യത്തിലാണ് റഹീമിന് ജീവൻ തിരിച്ചുകിട്ടിയത്. മേയ് 21-ന് സൗദിയിൽ പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ കൃത്യമായി ഏത് ദിവസമായിരിക്കും റഹീമിന് പുറത്തിറങ്ങാൻ കഴിയുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മോചനമുണ്ടാകും.
ബാക്കി ഫണ്ട് എന്ത് ചെയ്യും?
റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ച തുകയിൽ ഇനി പതിനൊന്നരക്കോടിയോളം രൂപ ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കമ്മിറ്റി ചേർന്ന് ഈ ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വം
2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. ഇത് മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നുവെന്ന് വ്യക്തമായെങ്കിലും റഹീമിന് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽനിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ സൗദി പൊതുനിയമപ്രകാരം റിയാദ് ക്രിമിനൽ കോടതി വിധിച്ച തടവുശിക്ഷയാണ് മേയ് മൂന്നാം വാരത്തോടെ പൂർത്തിയാകുന്നത്.

