back to top
Monday, May 25, 2026
Homeകേരളംപേരാമ്പ്രയിൽ ഓടുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവം; ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പേരാമ്പ്രയിൽ ഓടുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവം; ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഭർത്താവായ രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും, മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ എ.കെ. സത്യൻ ആരോപിച്ചു. സംഭവത്തിൽ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

കുടുംബത്തിന്റെ ആരോപണങ്ങൾ:

കാറിനുള്ളിൽ മാരകമായ എന്തോ വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കുടുംബം സംശയിക്കുന്നത്. ഗർഭിണിയായ സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത് എന്തിനാണെന്നും കുടുംബം ചോദിക്കുന്നു. അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. കാറിനുള്ളിൽ മറ്റൊരാൾ ഉള്ള കാര്യം രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് രജിൻ പറഞ്ഞില്ലെന്നും അമ്മാവൻ ആരോപിച്ചു.

പ്രണയ വിവാഹം; മുൻപ് ജീവനൊടുക്കാൻ ശ്രമം

സോനയും രജിൻലാലും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നുവെന്ന് കുടുംബം പറയുന്നു. ഗൾഫിൽ ഉള്ളപ്പോഴാണ് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ അടുത്തത്. എന്നാൽ, ഇതിനിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ രജിൻ തീരുമാനിച്ചു. ഇതറിഞ്ഞ സോന ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ വരെ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽവെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് വിവാഹത്തിന് രജിൻ തയ്യാറായത്. ഇരു വീട്ടുകാരുടെയും എതിർപ്പുകൾക്കിടെ 2023-ൽ ഇവർ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

എഞ്ചിൻ കത്തിയില്ല; ദുരൂഹതയേറുന്നു

വെള്ളിയാഴ്ച രാത്രി ഒൻപതോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പോയശേഷം തിരികെ വരുമ്പോഴാണ് കാർ കത്തിയത്. കോഴിക്കോട് ജില്ലാ ഫൊറൻസിക് യൂണിറ്റ് നടത്തിയ പരിശോധനയിൽ കാറിന്റെ ഉൾവശം മാത്രമാണ് പൂർണമായി കത്തിയമർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോണറ്റിന്റെ എൻജിൻ ഭാഗം കത്തിയിട്ടില്ല. എൻജിൻ ഭാഗത്തുനിന്ന് തീ പടർന്നിട്ടുമില്ല. അതിനാൽ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഫൊറൻസിക് ഫലം വന്നതിന് ശേഷമേ പോലീസിന് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments