തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരനാണ് പാമ്പുകടിയേറ്റ് മരിച്ചത്. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്. ഇന്ന് പുലർച്ചെ വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം വീട്ടുകാർ അറിയുന്നത്.
ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തി പിടികൂടിയിട്ടുണ്ട്.
മരിച്ച ദിക്ഷലിന്റെ മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

