ന്യൂഡൽഹി: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍. താനൊരു അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും, തന്നേക്കാൾ വലുത് പാര്‍ട്ടിയും ജനങ്ങളുമാണെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നതായും, സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
‘ചർച്ചകൾ അപ്രസക്തം, മാറിനിന്നത് കേരളത്തിന്റെ കാര്യമായതിനാൽ’
ഇതുവരെ നടന്ന ചർച്ചകളെല്ലാം ഇനി അപ്രസക്തമാണ്. പാർട്ടി നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ നിന്നും പ്രഖ്യാപനത്തിൽ നിന്നും താൻ മാറി നിന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള ഒരു സർക്കാർ കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ആക്രമിക്കുന്നവർക്ക് തുടരാം’
ഹൈക്കമാൻഡ് തീരുമാനം എന്ത് തന്നെയായാലും അത് അനുസരിക്കുമെന്ന് താൻ എപ്പോഴും പറഞ്ഞിരുന്നു. അടിയുറച്ച കോൺഗ്രസുകാരനായി തന്നെ തുടരും. തന്നെ പിന്തുണച്ചവരും ഹൈക്കമാൻഡിന്റെ ഈ തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്നെ ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം അത് തുടരാമെന്നും, ആക്ഷേപങ്ങളെല്ലാം താൻ സഹിച്ചോളാമെന്നും വേണുഗോപാൽ വൈകാരികമായി പ്രതികരിച്ചു. അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണോ സതീശന് നറുക്കുവീണത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.

