മലപ്പുറം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. കേരളത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്കാണെന്നും, ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് അവർ ആഗ്രഹിച്ചയാൾ തന്നെ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി സതീശൻ കേരളത്തെ നല്ല നാളെകളിലേക്ക് നയിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവലമൊരു പരസ്യ വാചകം മാത്രമായി മാറിയ ‘നമ്പര്‍ വണ്‍ കേരളം’ എന്നത് യാഥാർത്ഥ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം ഇതിന് കരുത്താകും. വികസന സൂചികകളിൽ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാനും സദ്ഭരണം വരുന്നുവെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അവസാന നിമിഷവും ലീഗിനെ വിളിച്ച് ഖാർഗെ
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അവസാന നിമിഷവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ മുസ്ലിം ലീഗിനോട് അഭിപ്രായം തേടിയിരുന്നു. സതീശന് നൽകുന്ന പിന്തുണയിൽ മാറ്റമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഖാർഗെയെ അറിയിച്ചു. ഇതോടെ പ്രഖ്യാപനത്തിന് മുൻപ് തന്നെ സതീശനാണ് മുഖ്യമന്ത്രിയാവുക എന്ന വിവരം ഹൈക്കമാൻഡ് ലീഗിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

