ഉച്ചഭക്ഷണം കഴിച്ച് ജോലിയിലേക്ക് തിരികെ കടക്കുമ്പോൾ കടുത്ത ഉറക്കമോ മയക്കമോ അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും കോട്ടുവായ ഇടുകയും കണ്ണുകൾ താനേ അടഞ്ഞുപോകുകയും ചെയ്യുന്ന ഈ അവസ്ഥ പലപ്പോഴും നമ്മുടെ ജോലിയെപ്പോലും ബാധിക്കാറുണ്ട്. ഇത് വെറുമൊരു മടികൊണ്ട് സംഭവിക്കുന്നതാണെന്നാണ് പലരുടെയും വിചാരം. എന്നാൽ ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ചെന്നൈയിലെ പ്രമുഖ ഫിസിഷ്യനായ ഡോ. പി. പ്രവീൺ കുമാർ റെഡ്ഡി വ്യക്തമാക്കുന്നു.
ശാസ്ത്രീയമായി ‘പോസ്റ്റ്-മീൽ സ്ലമ്പ്’ (Post-meal slump) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. മനുഷ്യശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനക്രമമായ ‘സർക്കാഡിയൻ റിഥം’ ആണ് ഇതിന് പ്രധാന കാരണം. ഉച്ചയ്ക്ക് ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ഈ സമയത്ത് ശരീരതാപനിലയിൽ നേരിയ കുറവുണ്ടാകുകയും, ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻ പോലുള്ള ഹോർമോണുകൾ ചെറിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഉണർന്നെഴുന്നേറ്റ് ഏകദേശം 8 മണിക്കൂർ കഴിയുമ്പോൾ സംഭവിക്കുന്ന ഈ മാറ്റം സ്വാഭാവികമായി ഉറങ്ങാനുള്ള പ്രേരണ വർദ്ധിപ്പിക്കും.
ഉച്ചഭക്ഷണത്തിന് ശേഷം പലർക്കും തലവേദന അനുഭവപ്പെടാറുണ്ട്. ശരീരത്തിലെ നേരിയ നിർജ്ജലീകരണമാണ് ഇതിന് കാരണം. നമ്മൾ ഭക്ഷണം കഴിച്ചുകഴിയുമ്പോൾ ദഹനപ്രക്രിയയ്ക്കായി രക്തം കൂടുതലായും ദഹനവ്യവസ്ഥയിലേക്ക് തിരിച്ചുവിടപ്പെടുന്നു. ഇത് കാരണം തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും അളവ് കുറയുന്നത് മയക്കത്തിനും തലവേദനയ്ക്കും കാരണമാകും. ജോലിത്തിരക്കിനിടയിൽ വെള്ളം കുടിക്കാൻ മറക്കുന്നത് ഈ തളർച്ചയെ ഇരട്ടിയാക്കും.
രാത്രിയിൽ തുടർച്ചയായി ഏഴ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നതും, ഗുണനിലവാരമില്ലാത്ത ഉറക്കവും പകൽ സമയത്തെ ക്ഷീണം വർദ്ധിപ്പിക്കാൻ കാരണമാകും. ഉച്ചകഴിഞ്ഞുള്ള ഈ മയക്കം തികച്ചും സ്വാഭാവികമായതിനാൽ അമിതമായി ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇത് മറികടക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കുക. കൂടാതെ രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങുന്ന ശീലം വളർത്തിയെടുക്കുന്നതിലൂടെയും ഉച്ചസമയത്തെ ഈ കടുത്ത ക്ഷീണത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും.
(ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ നൽകിയിട്ടുള്ളത് പൊതുവായ വിവരങ്ങൾ മാത്രമാണ്. അമിതമായ തളർച്ചയോ മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളോ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടേണ്ടതാണ്.)

