എടവണ്ണ: വഴിയെ പോയ പാമ്പിനെ പിടിച്ച് പാന്റ്സിന്റെ പോക്കറ്റിലിട്ട് അഭ്യാസം കാണിച്ച യുവാവിന് ഒടുവിൽ പാമ്പുകടിയേറ്റു. എടവണ്ണ ഒതായി അങ്ങാടിയിലാണ് അതിഥി തൊഴിലാളിയായ യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്ന രീതിയിൽ പാമ്പിനെ വെച്ച് അഭ്യാസം കാണിച്ചത്. പാമ്പുകടിയേറ്റ് ബോധംകെട്ടു വീണ ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പലതവണ പാമ്പിനെ പാന്റ്‌സിന്റെ പോക്കറ്റിലിട്ടും പുറത്തെടുത്തും ഇയാൾ അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. വിഷപ്പാമ്പിനെ പോക്കറ്റിലിട്ട് നടക്കുന്നതുകണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി വഴക്കുപറയുകയും പാമ്പിനെ പുറത്തിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പോക്കറ്റിൽ കൈയിട്ട യുവാവിന് പാമ്പുകടിയേൽക്കുകയായിരുന്നു. കൈവിരലുകൾക്കിടയിൽ കടിയേറ്റ പാടുകൾ കണ്ടതോടെ ഇയാൾ പാമ്പിനെയെടുത്ത് പുറത്തിട്ടു.
തുടർന്ന് പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെ ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഇടപെട്ട് ഇയാളെ ആശുപത്രിയിലെത്തിച്ചു. യുവാവ് ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഇയാളെ, അപകടനില തരണം ചെയ്തതോടെ പിന്നീട് വിട്ടയച്ചു.

