back to top
Wednesday, April 22, 2026
Homeആരോഗ്യംവെറും രണ്ട് ദിവസം; ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോളും ഭാരവും കുറയുമെന്ന് പുതിയ പഠനം

വെറും രണ്ട് ദിവസം; ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോളും ഭാരവും കുറയുമെന്ന് പുതിയ പഠനം

ആരോഗ്യകരമായ ഡയറ്റുകളിൽ എപ്പോഴും മുൻപന്തിയിലുള്ള വിഭവമാണ് ഓട്സ്. എന്നാൽ നമ്മൾ വിചാരിക്കുന്നതിലും വലിയ അത്ഭുതങ്ങൾ ശരീരത്തിൽ സൃഷ്ടിക്കാൻ ഓട്സിന് കഴിയുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വെറും രണ്ട് ദിവസത്തേക്ക് കൃത്യമായ രീതിയിൽ ഓട്സ് അധിഷ്ഠിതമായ ഭക്ഷണക്രമം പിന്തുടർന്നാൽ കൊളസ്ട്രോൾ വലിയ തോതിൽ കുറയുമെന്ന് ജർമ്മനിയിലെ ബോൺ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ഹ്രസ്വകാലത്തേക്ക് ഭക്ഷണത്തിൽ വരുത്തുന്ന ഈ മാറ്റം ആരോഗ്യത്തിൽ ദീർഘകാല നേട്ടങ്ങളുണ്ടാക്കുമെന്ന് ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

മെറ്റബോളിക് സിൻഡ്രോം ബാധിച്ചവരിലാണ് ഗവേഷകർ ഈ പരീക്ഷണം നടത്തിയത്. രണ്ട് ദിവസത്തേക്ക് ഇവർക്ക് കർശനമായ ഓട്സ് ഡയറ്റ് നൽകി. മൂന്ന് നേരങ്ങളിലായി പ്രതിദിനം 300 ഗ്രാം ഓട്സാണ് ഇവർ കഴിച്ചത്. ഇതിനൊപ്പം ചെറിയ അളവിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഇവരുടെ ശരീരത്തിലുണ്ടായത്. എൽ.ഡി.എൽ (LDL) അഥവാ ചീത്ത കൊളസ്ട്രോൾ 10 ശതമാനം കുറഞ്ഞതിനൊപ്പം, ശരീരഭാരം ശരാശരി രണ്ട് കിലോ വീതം കുറഞ്ഞതായും ഗവേഷകർ കണ്ടെത്തി. ഇവരുടെ രക്തസമ്മർദ്ദത്തിലും നേരിയ പുരോഗതിയുണ്ടായി. ഏറ്റവും ശ്രദ്ധേയമായ കാര്യം, ആറ് ആഴ്ചകൾ പിന്നിട്ടിട്ടും ഈ ആരോഗ്യ ഗുണങ്ങൾ ഇവരിൽ നിലനിന്നിരുന്നു എന്നതാണ്.

കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഓട്സ് കൊളസ്ട്രോൾ തോത് കുറയ്ക്കുന്നത്. ഓട്സ് കഴിക്കുമ്പോൾ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കുകയും, അവ ചയാപചയ പ്രക്രിയയെ (Metabolism) സഹായിക്കുന്ന ‘ഫെറൂലിക് ആസിഡ്’ പോലുള്ള സംയുക്തങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഓട്സ് മികച്ചതാണ്.

ദീർഘകാലം ചെറിയ അളവിൽ കഴിക്കുന്നതിനേക്കാൾ മികച്ച ഫലം നൽകുന്നത് ഹ്രസ്വകാലത്തേക്കുള്ള തീവ്രമായ ഓട്സ് ഡയറ്റാണെന്നും പഠനം അടിവരയിടുന്നു. ആറാഴ്ചത്തേക്ക് ദിവസവും 80 ഗ്രാം ഓട്സ് കഴിച്ചവരെ അപേക്ഷിച്ച്, രണ്ട് ദിവസത്തേക്ക് 300 ഗ്രാം ഓട്സ് കഴിച്ചവരിലാണ് മികച്ച ആരോഗ്യ മാറ്റങ്ങൾ കണ്ടത്. അതിനാൽ കൃത്യമായ രീതിയിൽ ഹ്രസ്വകാലത്തേക്ക് നടപ്പിലാക്കുന്ന ഓട്സ് ഡയറ്റാകും കൂടുതൽ ഗുണകരമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ നൽകിയിട്ടുള്ളത് പൊതുവായ വിവരങ്ങൾ മാത്രമാണ്. പുതിയ ഡയറ്റുകൾ ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments