തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. ക്യാഷ്വാലിറ്റിയിൽ എത്തുന്ന അത്യാഹിത കേസുകളിൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡോക്ടർമാർക്ക് കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്ന് മരണങ്ങളിലും രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആന്റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ആൾജോ മരിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. അർധരാത്രി നടത്തിയ പരിശോധനയ്ക്കിടെ വീട്ടിനുള്ളിലെ ശുചിമുറിയിലാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ടു പാമ്പുകളെയാണ് വനം വകുപ്പ് ഇവിടെനിന്ന് പിടികൂടിയത്. കുട്ടികൾ ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയിലായിരുന്നു പാമ്പുണ്ടായിരുന്നത്.
തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തിൽ വനം വകുപ്പും സർപ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെയും വീടിന് പുറത്തെയും തറ പൊളിച്ച് പരിശോധന നടത്തി. ഡ്രെയിനേജിന് സമീപമുള്ള തറയ്ക്കുള്ളിൽ കൂടുതൽ പാമ്പുകൾ ഉണ്ടാകുമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തറ പൂർണ്ണമായും പൊളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, പൊളിച്ച ഭാഗം പാമ്പുകൾ പുറത്തേക്ക് വരാത്ത രീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് സീൽ ചെയ്യാനാണ് തീരുമാനം.

