കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഗുണഭോക്താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുന്നത്. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് ദുരന്തബാധിതർക്കായി വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ഓരോ കുടുംബങ്ങൾക്കുമായി നൽകുന്നത്. വീടുകളിലേക്കുള്ള ഫർണിച്ചറുകൾ, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലേയോടെ പൂർത്തിയാക്കിയിരുന്നു. പുതിയ വീട്ടിലേക്ക് മാറുന്ന കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് അവിടേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

