ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നിൽ സർക്കാർ രൂപീകരണത്തിൽ പുതിയ കടമ്പകൾ ഉയർത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്‌യോട്, കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന നിലപാടിലാണ് ഗവർണർ. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ ആവശ്യമാണെന്നിരിക്കെ, നിലവിൽ 113 എം.എൽ.എമാർ ഒപ്പിട്ട കത്താണ് ടി.വി.കെ. ഹാജരാക്കിയിട്ടുള്ളത്.
118 എം.എൽ.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുവാദം നൽകൂ എന്ന നിലപാടിലാണ് രാജഭവൻ. ഇതിനായി ഗവർണർ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഇതോടെ, അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് കരുതിയിരുന്ന വിജയ്ക്ക് ഗവർണറുടെ ഈ നീക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെ.ക്ക് 108 സീറ്റുകളാണുള്ളത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 113 ആയി. ഇനി ഭൂരിപക്ഷം തികയ്ക്കാൻ സി.പി.ഐ., സി.പി.എം., വി.സി.കെ. എന്നീ പാർട്ടികളുടെ രണ്ട് വീതം സീറ്റുകളിലാണ് വിജയ് പ്രതീക്ഷ വയ്ക്കുന്നത്. ഈ പാർട്ടികളുടെ നിലപാട് വിജയ് സർക്കാരിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ അതിപ്രധാനമാകും.
ഡി.എം.കെ സഖ്യകക്ഷികളായ ഈ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചാൽ മാത്രമേ വിജയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ കടക്കാൻ സാധിക്കൂ. ഇത് ലഭിക്കാത്ത പക്ഷം സർക്കാർ രൂപീകരണം വലിയ പ്രതിസന്ധിയിലാകും. എം.എൽ.എമാരായ അരുൺരാജ്, എൻ. ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നിവർക്കൊപ്പം എത്തിയാണ് വിജയ് നേരത്തെ ഗവർണറെ കണ്ടത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ നാടകീയ നീക്കങ്ങൾ വരും മണിക്കൂറുകളിൽ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

