ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ (തമിഴക വെട്രി കഴകം) സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടി.വി.കെയെ പിന്തുണച്ചപ്പോൾ 22 പേർ എതിർത്ത് വോട്ട് ചെയ്തു. ഡി.എം.കെ, ബി.ജെ.പി, പി.എം.കെ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ടി.വി.കെ (105), കോൺഗ്രസ് (5), സി.പി.ഐ (2), സി.പി.എം (2), മുസ്ലിം ലീഗ് (2), വി.സി.കെ (2), എ.എം.എം.കെ (1), എ.ഐ.എ.ഡി.എം.കെ വിമതർ (25) എന്നിങ്ങനെയാണ് ടി.വി.കെ സർക്കാരിന് ലഭിച്ച വോട്ടുകളുടെ കണക്ക്.
എ.ഐ.എ.ഡി.എം.കെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 25 എം.എൽ.എമാർ ടി.വി.കെ സർക്കാരിനെ പിന്തുണച്ചത് രാഷ്ട്രീയമായി വലിയ ചർച്ചയായിട്ടുണ്ട്. ടി.വി.കെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി പാർട്ടിയുടെ 47 എം.എൽ.എമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല.
ടി.വി.കെ അധികാരത്തിലെത്തുന്നത് തടയാൻ പളനിസാമി ഡി.എം.കെയുമായി സഖ്യത്തിന് ശ്രമിച്ചതാണ് എ.ഐ.എ.ഡി.എം.കെയിലുണ്ടായ വൻ പൊട്ടിത്തെറിക്ക് കാരണം. 53 വർഷമായി തുടരുന്ന ഡി.എം.കെ വിരുദ്ധ നിലപാട് തിരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത പക്ഷം നിയമസഭയിൽ ടി.വി.കെയെ പിന്തുണച്ചത്.

