ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന സാമ്പത്തിക നിയന്ത്രണ ആഹ്വാനത്തിന് പിന്നാലെ രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ ഉയർത്തി. ആറ് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമാക്കിയാണ് വർദ്ധിപ്പിച്ചത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും (AIDC) ഉൾപ്പെടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധികൾക്കിടെ, വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയുടെ മൂല്യം ഉയർത്തുന്നതിനുമായാണ് ഈ അടിയന്തര നടപടി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 186 ശതമാനം വർദ്ധിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. എന്നാൽ 2024-ൽ കുറച്ച നികുതി വീണ്ടും വർദ്ധിപ്പിച്ചത് സ്വർണ്ണ കള്ളക്കടത്ത് വർദ്ധിക്കാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്.
കോവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി
വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാനും, കോവിഡ് കാലത്തെ പോലെ രാജ്യത്ത് സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവരാനും പ്രധാനമന്ത്രി ഹൈദരാബാദിൽ നടന്ന റാലിയിൽ ആഹ്വാനം ചെയ്തു. പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം, വിദേശ യാത്രകൾ മാറ്റിവെക്കണം, കാർ പൂളിംഗും മെട്രോയും ഉപയോഗിക്കണം, ഭക്ഷ്യ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുന്നതും രാജ്യസ്നേഹമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.ഐ.പി വാഹനവ്യൂഹം വെട്ടിച്ചുരുക്കുന്നു
ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാൻ എസ്.പി.ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യു.പി, രാജസ്ഥാൻ മുഖ്യമന്ത്രിമാരുടെ വാഹനവ്യൂഹവും ചുരുക്കും. യു.പിയിൽ ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോമിന് ഉത്തരവ് ഇറങ്ങിയേക്കും. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ എം.എൽ.എമാരുടെ പഠനയാത്ര റദ്ദാക്കിയിട്ടുണ്ട്.

