ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഇന്ന് വിരാമമായേക്കും. മുതിർന്ന നേതാക്കളുമായുള്ള അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഹൈക്കമാൻഡ് നിലവിൽ ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നും എ.ഐ.സി.സി അധ്യക്ഷന്റെ അംഗീകാരം ലഭിച്ചാലുടൻ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.
അതൃപ്തി പുകഞ്ഞ് ലീഗ്; പാണക്കാട് അടിയന്തര യോഗം
മുഖ്യമന്ത്രി പ്രഖ്യാപനം പത്ത് ദിവസമായിട്ടും വൈകുന്നതിൽ വോട്ടർമാർക്കിടയിലും ഘടകകക്ഷികൾക്കിടയിലും വലിയ അതൃപ്തിയുണ്ട്. ചരിത്രപരമായ വിജയം നേടി 22 സീറ്റുകൾ സ്വന്തമാക്കിയിട്ടും, വിജയം ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് നേതൃത്വം കരുതുന്നു. പ്രഖ്യാപനം വൈകുന്നതിലെ അതൃപ്തി ചർച്ച ചെയ്യാൻ പാണക്കാട് ഇന്ന് അടിയന്തര നേതൃയോഗം ചേരും. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടാണ് ലീഗിന് കൂടുതൽ താല്പര്യമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ആയുധമാക്കി ബി.ജെ.പി
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം ദേശീയതലത്തിൽ തന്നെ കോൺഗ്രസിനെതിരെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. വൻ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാര വടംവലി കാരണം മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തത് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ കൊണ്ടാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
മന്ത്രിസഭാ ചർച്ചകളിലേക്കും കടക്കുന്നു
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്കും യു.ഡി.എഫ് കടക്കും. കെ. മുരളീധരൻ, സി.പി. ജോൺ, ഷിബു ബേബി ജോൺ, എ.പി. അനിൽ കുമാർ, ചാണ്ടി ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ മന്ത്രിസഭയിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. സാമുദായിക സമവാക്യങ്ങളും ജില്ലാ പ്രാതിനിധ്യവും പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

