back to top
Thursday, May 14, 2026
Homeകണ്ണൂർമാക്കൂട്ടം ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മുണ്ടയാട് സ്വദേശിക്ക് ദാരുണാന്ത്യം.

മാക്കൂട്ടം ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; മുണ്ടയാട് സ്വദേശിക്ക് ദാരുണാന്ത്യം.

ഇരിട്ടി/വീരാജ്പേട്ട: മാക്കൂട്ടം ചുരം പാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ മുണ്ടയാട് സ്വദേശിക്ക് ദാരുണാന്ത്യം. മുണ്ടയാട് ‘ലക്ഷ്മി വിലാസി’ൽ കെ.എൻ. ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. ചുരം പാതയിൽ വനത്തിനുള്ളിൽ മെതിയടിപ്പാറക്ക് സമീപമാണ് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടം നടന്ന് ഏകദേശം 24 മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തെ കാറിനുള്ളിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കർണാടകയിലെ ഹെഗ്ഗളയിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു ബാലകൃഷ്‌ണൻ. ഇവിടെ നിന്നും തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുറപ്പെടുന്നതിന് മുൻപ് ഇദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്തും വീട്ടിൽ എത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ബന്ധുക്കൾ കർണാടക പോലീസിൽ പരാതി നൽകി.

തുടർന്ന് വീരാജ്പേട്ട പോലീസും ബന്ധുക്കളും ചേർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ ചുരത്തിൽ നടത്തിയ തെരച്ചിലിൽ വൈകുന്നേരം 3 മണിയോടെയാണ് വാഹനം കൊക്കയിൽ കണ്ടെത്തിയത്. അപകടത്തിൽ പെട്ട കാറിനുള്ളിൽ നിന്നും പുറത്തുകടക്കാൻ കഴിയാതെ കുരുങ്ങിപ്പോയതാണ് മരണകാരണം. മൊബൈൽ റേഞ്ച് ഇല്ലാത്ത നിബിഡ വനമേഖലയായതിനാലും, വാഹനം കൊക്കയിലേക്ക് മറിഞ്ഞ സമയത്ത് മറ്റ് വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നതിനാലും സംഭവം പുറംലോകം അറിയാൻ വൈകുകയായിരുന്നു.

വീരാജ്പേട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വീരാജ്പേട്ട ഗവ. ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊളച്ചേരി ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ പ്രസന്നയാണ് ഭാര്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments