ഇരിങ്ങാലക്കുട: തൃശ്ശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാനായ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്.
വ്യാഴാഴ്ച രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയെ പാപ്പന്മാർ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28), രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ എന്നിവരെ ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ ശ്രീക്കുട്ടൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. അമൽ ഇപ്പോൾ ചികിത്സയിലാണ്.
സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം ആനയുടെ ആക്രമണത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. ഇന്ന് രാവിലെ അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞ് ലോറി ഡ്രൈവർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരിങ്ങാലക്കുടയിലും ആനയുടെ ചവിട്ടേറ്റ് പാപ്പാൻ കൊല്ലപ്പെടുന്നത്.

