പാലാ: പ്രമുഖ പൊതുപ്രവർത്തകനും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ട്രസ്റ്റിയുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് പാലാതാലൂക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയിരുന്ന അദ്ദേഹം കേരളത്തിലെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു.
ആറുമാസം മുൻപ് തിരുവനന്തപുരത്തെ ഫ്ലാറ്റിലുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അദ്ദേഹം ചികിത്സയിലായിരുന്നത്. പാർക്കിംഗ് ഏരിയയിൽ വെച്ച് വാഹനത്തിന്റെ യന്ത്രതകരാർ മൂലം കാർ മതിലിലിടിക്കുകയും സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ കുടുങ്ങി അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പാലാതാലൂക്കിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ, കെ.എസ്.ഇ.ബി ഉപഭോക്തൃ അസോസിയേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകി ഉപഭോക്തൃ സംരക്ഷണ രംഗത്ത് സജീവമായി. കേരള യൂണിവേഴ്‌സിറ്റി അസി. രജിസ്ട്രാർ ഡോ. മിനി കാപ്പനാണ് ഭാര്യ. അശ്വിൻ ഡി കാപ്പൻ, മരിയറ്റ കാപ്പൻ, എഡ്വിൻ ഡി കാപ്പൻ എന്നിവർ മക്കളാണ്.

