ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമായും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്വർണ്ണ ഇറക്കുമതി വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.
ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി പെട്രോൾ, ഡീസൽ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണം. അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്നും സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ പത്ത് ശതമാനം കുറവ് വരുത്തണമെന്നും രാജ്യം സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്കായി ഇറാൻ പുതിയ നിലപാട് അറിയിച്ചു. പാക്കിസ്ഥാൻ വഴിയാണ് പുതിയ നിർദ്ദേശങ്ങൾ കൈമാറിയത്. വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന ഇറാൻ പ്രസിഡന്റിന്റെ നിലപാടിനിടയിലും നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ തുറന്നു കിടക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും യുദ്ധഭീതി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല.

