back to top
Friday, April 17, 2026
Homeകേരളംകേരളത്തിൽ കൊടും ചൂട് തുടരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് താപനില 40...

കേരളത്തിൽ കൊടും ചൂട് തുടരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് താപനില 40 ഡിഗ്രി കടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പുതിയ സാഹചര്യത്തിൽ കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ മാസം 19 വരെയാണ് മുന്നറിയിപ്പ് ബാധകമായിരിക്കുക.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. ഇവിടെ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെങ്കിലും അനുഭവത്തിൽ ഇത് 43 ഡിഗ്രി സെൽഷ്യസായിരിക്കും. കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനില.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഏപ്രിൽ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരും. കനത്ത ചൂടില്‍ നിര്‍ജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കുക, പകല്‍ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചൂട് കണക്കിലെടുത്ത് സംസ്ഥാനത്ത് തൊഴിൽ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്
വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോഡിലെത്തി. കഴിഞ്ഞ ദിവസം പ്രതിദിന ഉപയോഗം 6012 മെഗാവാട്ടായി ഉയർന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്രയും വലിയ നിരക്കിലെത്തുന്നത്. പകൽ സമയങ്ങൾക്ക് പുറമെ രാത്രിയിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഫാൻ, എസി എന്നിവയുടെ ഉപയോഗം വൻതോതിൽ കൂടിയതാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ കാരണം. 

അതേസമയം, വൈദ്യുതി ഉപയോഗം കൂടിയെങ്കിലും സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രതിസന്ധിയുണ്ടായാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങൾ സർക്കാർ മുൻകൂട്ടി ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. വൈദ്യുതി നിരക്കോ സർചാർജോ വർധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments