മാങ്കാംകുഴി (ആലപ്പുഴ): മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ട യുവതിയും മരണത്തിന് കീഴടങ്ങി. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു.
• കഴിഞ്ഞ മാസം 27-നായിരുന്നു അപകടം സംഭവിച്ചത്. മാങ്കാംകുഴി പാറക്കുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മെയ് പത്തിനാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ വിവാഹ ക്ഷണക്കത്തുകൾ നൽകാൻ പോയ ദമ്പതികളുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
• തുളസിയുടെ സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 3.30-ന് നടക്കും. മക്കൾ: അഭിഷേക്, അഭിരാമി. മരുമകൾ: അനില.

