വിഴിഞ്ഞം: ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് വിഴിഞ്ഞത്ത് യുവാവിനെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അച്ചു എസ്. ബാബു, സൂരജിത്ത്, അനന്ദു, കൃഷ്ണപ്രസാദ് എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ബാറിലെത്തിയതായിരുന്നു ഇവർ. മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെടുകയും, തുടർന്ന് ബാറിന് പുറത്തിറങ്ങിയ സുമനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. നെഞ്ചിനും മുഖത്തും ആഞ്ഞ് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തലയ്ക്ക് നിരന്തരം മർദിക്കുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവാവിന്റെ മുഖം ചതച്ചരക്കുന്നതിനിടെ ‘വീഡിയോ എട്രാ…’ എന്ന് മർദിക്കുന്നവരിൽ ഒരാൾ കൂടെ നിൽക്കുന്നവരോട് ആവശ്യപ്പെടുന്നതും കേൾക്കാം. റോഡിൽ കൂടി കടന്നു പോയ കാറിലെ യാത്രക്കാരാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സുമനെ വിഴിഞ്ഞം പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാറിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

