തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. 15,000-ഓളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.
ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. എൺപത്തിയഞ്ചിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. തരംഗമുണ്ടായാൽ സീറ്റുകൾ 100 കടക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളയുന്ന എൽഡിഎഫ്, തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ചുരുങ്ങിയത് 75 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
മറുവശത്ത്, ചുരുങ്ങിയത് രണ്ട് സീറ്റുകളെങ്കിലും നേടി നിയമസഭയിൽ സാന്നിധ്യമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. നേമത്തെ വിജയം എൻഡിഎയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. നേമത്തിന് പുറമെ കഴക്കൂട്ടം മണ്ഡലത്തിലും ചിലയിടങ്ങളിൽ അട്ടിമറി വിജയവും ബിജെപി പ്രതീക്ഷിക്കുന്നു.

