back to top
Sunday, April 19, 2026
Homeകേരളംകരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; ഫോൺ പുറത്തേക്കെറിഞ്ഞ പോലീസുകാരനും ഡി.ആർ.ഐയുടെ സംശയനിഴലിൽ.

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; ഫോൺ പുറത്തേക്കെറിഞ്ഞ പോലീസുകാരനും ഡി.ആർ.ഐയുടെ സംശയനിഴലിൽ.

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടിയിലധികം രൂപ (1.58 കോടി) വിലവരുന്ന രണ്ട് കിലോയോളം എം.ഡി.എം.എയുമായി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസിനെ (40) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. മസ്‌കറ്റിൽ നിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗേജിലുണ്ടായിരുന്ന ചോക്ലേറ്റിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പ്രതിയെ സഹായിച്ചെന്ന സംശയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിൽ നിന്നുള്ള ഡി.ആർ.ഐ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. ഒരു സംഘം യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ കടന്ന് നിരീക്ഷണം നടത്തിയപ്പോൾ രണ്ടാമത്തെ സംഘം വിമാനത്താവളത്തിന് പുറത്ത് നിലയുറപ്പിച്ചു. സംശയം തോന്നിയ ഹാരിസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കരിപ്പൂർ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നമ്പറിലേക്ക് ഇയാൾ നിരന്തരം സന്ദേശങ്ങൾ കൈമാറിയതായി കണ്ടെത്തി. ഇതോടെ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന ഡി.ആർ.ഐ സംഘം പോലീസ് എയ്ഡ്പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് പുറത്തേക്കെറിഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡി.ആർ.ഐ ഇത് കണ്ടെടുത്തു. പോലീസുകാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments