തളിപ്പറമ്പ്: തളിപ്പറമ്പിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. 66.224 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ചെറുക്കള സ്വദേശി നിഹാൽ എം.പി (18), തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി അബ്ദുൽ ഫത്താഹ് സി (19) എന്നിവരാണ് പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജെയുടെ നേതൃത്വത്തിൽ നടന്ന രാത്രികാല പെട്രോളിങ്ങിനിടയിലാണ് പ്രതികൾ വലയിലായത്. എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് പരിശോധിച്ചപ്പോഴാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. പ്രദേശത്തെ മാരകമായ എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഈ യുവാക്കളെന്ന് എക്സൈസ് വ്യക്തമാക്കി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്, രാജീവൻ പി.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, വിജിത്ത് ടി.വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.

