ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിയന്തരമായി വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വസതിയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത്. എന്തിനാണ് പെട്ടെന്ന് വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, വളരെ ധൃതിപ്പെട്ടാണ് കെ.സി വേണുഗോപാൽ വസതിയിൽ നിന്നും പുറപ്പെട്ടത്.
അതേസമയം, നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് പോകേണ്ട എ.ഐ.സി.സി പ്രതിനിധി ദീപാദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഇതുവരെ ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. ഇവർക്കൊപ്പം പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ കെ.സി വേണുഗോപാലും കേരളത്തിലേക്ക് വരുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിൽ ദീപാദാസ് മുൻഷിയും മറ്റ് എ.ഐ.സി.സി നിരീക്ഷകരും പങ്കെടുക്കും. ഹൈക്കമാൻഡ് തീരുമാനം യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും.

