കണ്ണൂർ/ദില്ലി: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കവേ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി നേതാക്കൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് മുൻതൂക്കമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ മുൻ കെ.പി.സി.സി അധ്യക്ഷന്മാരെ ഹൈക്കമാൻഡ് അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് മുന്നോടിയായി കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ശ്രീ പ്രസാദ്, കൂടാളി മണ്ഡലം പ്രസിഡന്റ് എൽ.ജി. ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി വി.ആർ. പ്രസാദ്, കോൺഗ്രസ് ഡി.സി.സി സെക്രട്ടറി എന്നിവരാണ് കെ. സുധാകരന്റെ വീട്ടിലെത്തിയത്. ഇത് വ്യക്തിപരമായ സന്ദർശനമാണെന്നാണ് നേതാക്കളുടെ വിശദീകരണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരിൽ കെ.സി – സുധാകരൻ പക്ഷക്കാരുടെ സംയുക്ത യോഗം സുധാകരൻ വിളിച്ചിരുന്നുവെങ്കിലും, ദില്ലിയിലേക്ക് പോകേണ്ടതിനാൽ യോഗം മാറ്റിവെച്ചു. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും ഇനി ഈ നേതൃയോഗം ചേരുക.
കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായാണ് നാളെ ഹൈക്കമാൻഡ് ചർച്ച നടത്തുന്നത്. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാവുക. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയെ നിയമസഭാ കക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും എ.ഐ.സി.സി ആലോചിക്കുന്നുണ്ട്.

