ബാഴ്സലോണ: സ്പാനിഷ് ലാലിഗയിലെ ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ തകർത്ത് ബാഴ്സലോണയ്ക്ക് കിരീടം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സയുടെ തകർപ്പൻ വിജയം. ഇതോടെ ലാലിഗയിൽ ബാഴ്സലോണ തങ്ങളുടെ 29-ാം കിരീടം ഉറപ്പിച്ചു. ഹോം ഗ്രൗണ്ടായ കാംപ്നൗവിൽ നടന്ന മത്സരത്തിൽ മാർകസ് റാഷ്ഫോഡ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സയ്ക്കായി വലകുലുക്കിയത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ തകർപ്പനൊരു ഫ്രീകിക്ക് ഗോളിലൂടെ റാഷ്ഫോഡ് ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. റയൽ ഗോളി തിബോ കോർട്ടോയെ കാഴ്ചക്കാരനാക്കി പന്ത് പോസ്റ്റിന്റെ ടോപ് കോർണറിൽ പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ, 18-ാം മിനിറ്റിൽ ദാനി ഓൽമോയുടെ ഫ്ലിക്കിൽ നിന്ന് ഫെറാൻ ടോറസ് ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം ബാഴ്സലോണ പൂർണ്ണാധിപത്യം പുലർത്തിയ മത്സരത്തിൽ, ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ മാത്രമാണ് റയലിന് സാധിച്ചത്.
റാഷ്ഫോഡിനും റോബർട്ട് ലെവൻഡോവ്സ്കിക്കും കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും മൂന്നാമതൊരു ഗോൾ പിറന്നില്ല. സീസണിൽ മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബാഴ്സലോണ തങ്ങളുടെ കിരീടധാരണം ആഘോഷിക്കുന്നത്. 35 മത്സരങ്ങളിൽ 30 ജയത്തോടെ 91 പോയിന്റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കിരീടം നിലനിർത്താൻ ഒരു സമനില മാത്രം മതിയായിരുന്ന ബാഴ്സലോണ, എൽ ക്ലാസിക്കോയിലെ രാജകീയ വിജയത്തോടെയാണ് ചാംപ്യൻസ് പട്ടം അണിഞ്ഞത്.

