കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയെ തിരുത്താൻ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്.
പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ രാഷ്ട്രീയ ശത്രുക്കൾ നടത്തുന്ന ഈ നീക്കങ്ങളിൽ പാർട്ടി ബന്ധുക്കൾ വീഴരുതെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
മുതിർന്ന നേതാക്കളെ രണ്ട് തട്ടിലാക്കി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും അവ മാധ്യമങ്ങൾക്ക് പ്രചാരണ വിഷയമാകുന്നതും അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. പാർട്ടിയെ കടന്നാക്രമിക്കാൻ എതിരാളികൾക്ക് അവസരമൊരുക്കുന്ന ഇത്തരം നടപടികൾ നിരുത്സാഹപ്പെടുത്തണം. തിരഞ്ഞെടുപ്പ് തിരിച്ചടി സംസ്ഥാന നേതൃത്വത്തിന്റെ മാർഗ്ഗനിർദ്ദേശമനുസരിച്ച് പരിശോധിക്കാനുള്ള നടപടികളിലേക്ക് പാർട്ടി നീങ്ങുകയാണ്. ഈ ഘട്ടത്തിൽ പാർട്ടിയെ ഇകഴ്ത്തിക്കാണിക്കുന്ന പ്രവർത്തനങ്ങളിൽ ആരും ഏർപ്പെടരുത്.
കൊലക്കത്തികളെ നെഞ്ചുവിരിച്ച് നേരിട്ട ധീരന്മാരുടെ പ്രസ്ഥാനത്തെ അമിതാവേശത്താൽ ഒറ്റുകൊടുക്കുന്ന നില ആരും സ്വീകരിക്കരുത്. വർഗ്ഗവഞ്ചകർക്കും ശത്രുക്കൾക്കും ഗുണകരമാകുന്ന പ്രചാരണങ്ങളിൽ നിന്ന് പാർട്ടിയെ സ്നേഹിക്കുന്നവർ വിട്ടുനിൽക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

