
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ഔദ്യോഗികമായി ക്ഷണിച്ചു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറിയ നിയുക്ത മുഖ്യമന്ത്രി രാജ്ഭവനിൽ നിന്നും മടങ്ങി.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് യു.ഡി.എഫ് നീക്കം. ഇതിനായി മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനുള്ള ചർച്ചകൾ വേഗത്തിലാക്കും. തുടർന്ന് ഈ മാസം 21-ന് നിയമസഭ ചേരുമ്പോള്‍ പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും.
സതീശൻ നിയമസഭാ കക്ഷി നേതാവ്
വൈകിട്ട് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് വി.ഡി സതീശനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. എ.ഐ.സി.സി തീരുമാനം നിരീക്ഷക ദീപാദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു. സദ്‌ഭരണമാണ് ലക്ഷ്യമെന്ന് യോഗത്തിൽ സംസാരിച്ച വി.ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കെ.സി വേണുഗോപാലിൻ്റെ സേവനം എടുത്തുപറഞ്ഞ സതീശൻ, മന്ത്രിസഭാ രൂപീകരണത്തിനായി അദ്ദേഹം കേരളത്തിൽ വരണമെന്നും ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവാണെന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും നന്ദി പറഞ്ഞു.
യോഗത്തിൽ മുകുള്‍ വാസ്നിക്, വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും അഭിനന്ദിച്ചു. സതീശൻ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയുന്ന മികച്ച നേതാവാണെന്നും, കോൺഗ്രസിൻ്റെ വൻ വിജയത്തിൽ കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തിച്ച കെ.സിക്കും, അനുഭവസമ്പത്തുള്ള രമേശ് ചെന്നിത്തലയ്ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

