തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കോൺഗ്രസിലെ ചർച്ചകൾക്ക് പിന്നാലെ, പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന കാര്യത്തിൽ സി.പി.എമ്മിലും അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള സി.പി.എമ്മിന്റെ പ്രഖ്യാപനം ഉടനില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്തിമ തീരുമാനത്തിനായാണ് പാർട്ടി കാത്തിരിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സി.പി.എം നേതൃയോഗത്തിന് ശേഷമായിരിക്കും ഇതിൽ വ്യക്തത വരിക. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലോ നാളത്തെ സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ടയിലോ ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. പത്ത് വർഷം സംസ്ഥാനത്തെ നയിച്ച പിണറായി വിജയൻ തന്നെ 35 അംഗങ്ങളായി ചുരുങ്ങിയ പ്രതിപക്ഷ നിരയെയും നയിക്കട്ടെ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. മുൻകാല അനുഭവസമ്പത്ത് ഇവിടെ നിർണ്ണായകമാണ്.
വിമർശനങ്ങളും വിയോജിപ്പും
അതേസമയം, കനത്ത തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എം നേതൃയോഗങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കൂട്ടത്തിൽ പിണറായി ശൈലിയെക്കുറിച്ചുള്ള വ്യക്തിപരമായ വിമർശനങ്ങളും കുറവല്ല. കൂടാതെ, മുഖ്യമന്ത്രി പദവിയിലേക്ക് അനുവദിച്ച പ്രായപരിധി ഇളവ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും നൽകണമോ എന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോയിലെ ചില അംഗങ്ങൾക്ക് വിയോജിപ്പുണ്ട്.
വാടക വീട്ടിലേക്ക് മാറി പിണറായി
ഇതിനിടെ, എ.കെ.ജി സെന്റർ അനുവദിച്ച ഫ്ലാറ്റ് സ്വീകരിക്കാതെ പിണറായി വിജയൻ തലസ്ഥാനത്തെ ഒരു വാടക വീട്ടിലേക്ക് താമസം മാറിയത് ശ്രദ്ധേയമായി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താൽ അദ്ദേഹത്തിന്റെ ഓഫീസ് കൺടോൺമെന്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എന്തായാലും താൻ ഈ സ്ഥാനത്തേക്ക് ഇല്ലെന്ന് പിണറായി വിജയൻ തീർത്തുപറഞ്ഞാൽ മാത്രമേ മറ്റൊരു നേതാവിനെ സി.പി.എം പരിഗണിക്കാൻ സാധ്യതയുള്ളൂ.

