തെഹ്‌റാൻ: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽനിന്ന് ആദ്യമായി ടോൾ സ്വീകരിച്ച് ഇറാൻ. ഉപരോധത്തെത്തുടർന്ന് തടഞ്ഞുവെച്ച ചരക്കുനീക്കത്തിനിടെ പിരിച്ചെടുത്ത തുക സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റസ ഹാജിബാബയി അറിയിച്ചു. യുദ്ധത്തിന് ശേഷം ഹുർമുസ് കപ്പൽ ഗതാഗതത്തിൽ ടോൾ ഏർപ്പെടുത്താൻ ഇറാനിയൻ പാർലമെന്റ് ബിൽ പാസാക്കിയിരുന്നു. ഇതിന് മാർച്ച് 30ന് സുരക്ഷാ കമ്മിറ്റി അംഗീകാരം നൽകിയതിന് പിന്നാലെയാണ് പുതിയ നടപടി. നിലവിൽ സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾ വ്യക്തമായ പരിശോധനകൾക്ക് ശേഷം മാത്രമേ കടലിടുക്കിലൂടെ കടത്തിവിടുന്നുള്ളൂ.
പുതിയ നിയന്ത്രണങ്ങൾ മറികടന്ന് രഹസ്യമായി കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ തങ്ങളുടെ നാവികസേന പിടിച്ചെടുത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡും അറിയിച്ചു. പനാമ പതാക ഘടിപ്പിച്ച ‘എം.എസ്.സി ഫ്രാൻസെസ്ക’, ലൈബീരിയൻ പതാകയുള്ള ‘എപാമിനോണ്ടാസ്’ എന്നീ കപ്പലുകളാണ് ഹുർമുസ് കടലിടുക്കിൽ വെച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം ഇറാനിയൻ എണ്ണക്കപ്പൽ തടഞ്ഞതിനെത്തുടർന്നാണ് ഇറാന്റെ ഈ കർശന നടപടി. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാൻ സൈന്യം കപ്പലുകൾ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത്.
അതേസമയം, വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനാൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലുമാണ് വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നതെന്നും, ലോക സമ്പദ്‌വ്യവസ്ഥയെ അവർ ബന്ദിയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഫെബ്രുവരി 28ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാണ്.

