തലശ്ശേരി: കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി കോണോർവയൽ സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ബി.കെ 55 സുൽത്താൻ സിസ്റ്റേഴ്സിനും കോസ്മോസ് സി.സി നെസ്റ്റിനും മികച്ച വിജയം. ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച രാവിലെ നടന്ന മത്സരത്തിൽ ബി.കെ 55 സുൽത്താൻ സിസ്റ്റേഴ്സ് ഏഴ് വിക്കറ്റിന് റൈഡേഴ്സ് സി.സിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. 43 റൺസെടുത്ത സി.എം.സി നജ്‌ലയാണ് റൈഡേഴ്സിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ സുൽത്താൻ സിസ്റ്റേഴ്സ് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്ത് വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 51 റൺസെടുത്ത എം.പി വൈഷ്ണയുടെ ബാറ്റിംഗാണ് സുൽത്താൻ സിസ്റ്റേഴ്സിന് അനായാസ ജയം സമ്മാനിച്ചത്. എം.പി വൈഷ്ണയെ കളിയിലെ താരമായും ഇഷ ജോബിയെ ഇംപാക്ട് താരമായും തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ആവേശകരമായ രണ്ടാമത്തെ മത്സരത്തിൽ കോസ്മോസ് സി.സി നെസ്റ്റ് ഏഴ് വിക്കറ്റിന് ടെലിച്ചറി ടൗൺ സി.സി ക്ലൗഡ്ബെറിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ്ബെറി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. അഷിമ ആന്റണി (60), പി. അഖില (50) എന്നിവരുടെ അർദ്ധസെഞ്ചുറികളാണ് ക്ലൗഡ്ബെറിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ ഈ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കോസ്മോസ് നെസ്റ്റ് 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്ത് വിജയം കരസ്ഥമാക്കി. 77 റൺസെടുത്ത ആശാ ശോഭനയുടെയും 38 റൺസെടുത്ത ദിയ ഗിരീഷിന്റെയും പ്രകടനമാണ് കോസ്മോസിന് കരുത്തായത്. മികച്ച പ്രകടനം കാഴ്ചവെച്ച ആശാ ശോഭന കളിയിലെ താരമായും അഷിമ ആന്റണി ഇംപാക്ട് താരമായും തിരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ച (24/04/2026) രാവിലെ നടക്കുന്ന മത്സരത്തിൽ സുൽത്താൻ സിസ്റ്റേഴ്സ് ബി.കെ 55 ജാസ്മിൻ സി.സിയെ നേരിടും. ഉച്ചയ്ക്ക് ശേഷമുള്ള മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സും കോസ്മോസ് സി.സി നെസ്റ്റും തമ്മിൽ ഏറ്റുമുട്ടും.

