ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിലെ 11 ദിവസത്തെ ഉദ്വേഗജനകമായ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വി.ഡി. സതീശനെ കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന പ്രത്യേക വാർത്താസമ്മേളനത്തിൽ എ.ഐ.സി.സി നിരീക്ഷക ദീപാദാസ് മുൻഷിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ അവസാന നിമിഷം കെ.സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ അന്തിമ ചിത്രം തെളിയുകയായിരുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഉറച്ച പിന്തുണയും, കേരളത്തിലെ പൊതുവികാരവും, കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളുമാണ് വി.ഡി സതീശന് നറുക്കുവീഴാൻ പ്രധാന കാരണമായത്.
രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നടത്തിയ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാന ഭരണത്തിന്റെ ചുക്കാൻ വി.ഡി സതീശനെ ഏൽപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ നിലപാടും നിർണ്ണായകമായി. പ്രഖ്യാപനം വന്നതോടെ കേരളത്തിലുടനീളം യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് അലയടിക്കുന്നത്. ഇനി പുതിയ മന്ത്രിസഭാ രൂപീകരണത്തിലേക്കും സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്കുമാകും യു.ഡി.എഫ് കടക്കുക.

