തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേർന്ന പരീക്ഷ ബോർഡ് യോഗം ഫലം അന്തിമമായി വിലയിരുത്തി.
പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ചുമതലയേറ്റെടുക്കൽ കാത്ത് ഫലപ്രഖ്യാപനം വൈകിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഫലം വൈകിയാൽ പ്ലസ് വൺ പ്രവേശന നടപടികളെ ഉൾപ്പെടെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻകൂട്ടി നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനം എടുത്തത്.
അതേസമയം, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിച്ചു. ഇത്തവണ 85.2 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ചെന്നൈ, ബംഗളൂരു, വിജയവാഡ മേഖലകളും ഉയർന്ന വിജയശതമാനം നേടി.
പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവുണ്ട്. 94,000-ത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 18.4 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ എഴുതിയത്. സി.ബി.എസ്.ഇ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾ ഒരേസമയം പരീക്ഷയെഴുതുന്നത്.
പുനർമൂല്യനിർണയം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കി.

