ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പുതിയൊരു രാഷ്ട്രീയ അധ്യായത്തിന് തുടക്കമായി. സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു. ഇതോടെ തമിഴ്നാട്ടിലെ പുതിയ പ്രതിപക്ഷ നേതാവായി ഉദയനിധി മാറും. വിജയ് എന്ന യുവ മുഖ്യമന്ത്രിയെ നേരിടാൻ യുവനേതാവായ ഉദയനിധിയെ തന്നെ ഡി.എം.കെ അണിനിരത്തിയതോടെ തമിഴ്നാട് നിയമസഭ വരാനിരിക്കുന്ന ദിനങ്ങളിൽ തീപാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.
മുതിർന്ന നേതാവ് കെ.എൻ. നെഹ്‌റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്. നേതൃപദവി കരുണാനിധി കുടുംബത്തിൽ തന്നെ നിലനിർത്തിയതിലൂടെ പാർട്ടിയിലെ സ്റ്റാലിന്റെ അധികാരം ഊട്ടിയുറപ്പിക്കപ്പെടുകയാണ്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രോട്ടോക്കോൾ സംബന്ധിച്ച് ആദ്യ ദിനം തന്നെ വിജയ് സർക്കാരിനെതിരെ വിമർശനം ഉയർന്നു. ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്ത്’ അവഗണിച്ച് ‘വന്ദേമാതരം’ ആലപിച്ചതാണ് വിവാദത്തിന് കാരണമായത്. വിജയ് ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. എന്നാൽ, 2021-ൽ ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ച സ്റ്റാലിന്റെ വീഡിയോ പങ്കുവെച്ചാണ് ടി.വി.കെ ഇതിന് മറുപടി നൽകുന്നത്. ഇടത് പക്ഷവും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

